തെരുവും ഞാനും – Malayalam Poetry

ചുറ്റും ചിതറിക്കിടക്കുന്ന ചവറ്റുകൊട്ടകൾക്കൊപ്പം ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന കുഞ്ഞിനെ പോലെ ആ തെരുവും ഉറങ്ങി….

രാത്രി ഇരുട്ടിൽ നിന്ന് ഒന്ന് തെന്നിമാറിയപ്പോൾ, ആളുകൾ പല്ലികളെ പ്പോലെ അതിന്മേൽ നടക്കാൻ തുടങ്ങി.

‘നടത്തം’ എന്നത് തെറ്റായ വാക്കായിരിക്കും.

ആദ്യം അവർ അവരുടെ മണി മന്ദിരങ്ങൾ വിട്ട് പുറത്തു വന്ന് പതുക്കെ ഇഴഞ്ഞു, പിന്നീട് മുട്ടുകുത്തി….

ചിലർ നിശ്ചലമായി…

മറ്റുള്ളവർ മുട്ടുകുത്തിൽ നിന്ന് നിൽപ്പിലേക്ക് ബിരുദം നേടി….
ഒടുവിൽ നടത്തത്തിലേക്കും.

മെല്ലെ വേഗത കൂടി…
പക്ഷേ തെരുവ് മയക്കം തുടർന്നു
ഇടയ്ക്കിടെ കൂർക്കം വലിച്ചു,
അതിൽ തെരുവ് വിളക്കുകൾ മിന്നി കെട്ടു കളിച്ചു…

കിലോമീറ്ററുകളോളം ഞാനും ഒറ്റയ്ക്ക് നടന്നു…
ആ തെരുവിന്റെ മനോഹരമായ
നിഷ്കളങ്കമായ ശരീരത്തിനു മുകളിൽ…
എനിക്ക് അതിന്റെ പാദങ്ങളിലോ നെറ്റിയിലോ ഒക്കെ ചെന്നെത്തണം…
ചുംബിക്കണം…
ജീവിതം അവസാനിക്കുന്നതിന് മുൻപ്…

ആഹാ!
ഈ തെരുവ് ഉണർന്നിരുന്നെങ്കിൽ
എന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു….

ഞാൻ ചുറ്റും നോക്കി…
ഇഴഞ്ഞ്… മുട്ട് കുത്തി… കാലിൽ നടന്ന്…
ഞൊണ്ടി… ഓടി…
എത്ര മുഖമില്ലാത്ത അനക്കങ്ങൾ…

ഞാൻ എന്റെ കാലിലേക്കും നോക്കി….
അവിടെ കാലുകൾക്ക് പകരം
നീരാളിയുടേത് പോലെ എന്തോ കേട്ട് പിണഞ്ഞു കിടക്കുന്നു….

അതെന്റേതാണോ ഈ തെരുവിന്റേതാണോ…
അറിയില്ല…

ചിലപ്പോൾ ഞാനും ഈ തെരുവും ഒന്നാവാം… എന്റെ മുകളിലൂടെയാണ് ഇവരെല്ലാം നടക്കുന്നത്… അല്ല ഇഴയുന്നത്… മുട്ട് കുത്തുന്നത്… ഞൊണ്ടുന്നത്… നടക്കുന്നത്… മരിച്ചു വീഴുന്നത്…. ജനിക്കുന്നത്…

ഞാനല്ല… അവരാണ്… അവർ മാത്രമാണ്…. എനിക്കിതിൽ പങ്കില്ല 🙏

സ്നേഹം💕
-പഹയൻ-

Leave a comment