എഴുത്തുകാരി ദേവകി നിലയങ്ങോടും യാത്രയായി

എഴുത്തുകാരി ദേവകി നിലയങ്ങോടും യാത്രയായി…. ഏതാനും ദിവസങ്ങൾ മുമ്പ് യാത്രയായ ചിത്രൻ നമ്പൂതിരിപ്പാടിന്റെ അനിയത്തി….

ചെറുപ്പത്തിൽ കുടുംബ സദസ്സുകളിൽ കണ്ട ഓർമ്മയാണ് കൂടുതൽ… എപ്പോൾ കാണുമ്പോഴും അമ്മ വിളിച്ച് അറിയില്ലേ മനസ്സിലായില്ലേ എന്ന് ചോദിക്കുന്നത് ഓർമ്മ വരുന്നു….

കളിക്കാൻ ഓടുന്ന തിരക്കിൽ അറിയാം എന്ന് തലയും ഇളക്കി കുതറി ഓടുന്ന ഞാൻ പിന്നെയൊരിക്കലും കൂടുതൽ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തതായി ഓർമ്മയില്ല…

പക്ഷെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ള ആ സൗമ്യമായ ചിരി ഇന്നും ഓർമ്മയിൽ ഭദ്രമാണ്…

പിന്നീട് ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ അമ്മ ഒരു പുസ്തകം തന്നിട്ട് വായിക്കാൻ പറഞ്ഞു…. നമ്മുടെ കുടുംബത്തെ കുറിച്ചാണ്.. അന്നത്തെ അവിടെ ജീവിച്ചിരുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തെ കുറിച്ച് പറയുന്നുണ്ട് എന്നും പറഞ്ഞു…

വായിക്കുക മാത്രമല്ല അതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ അമേരിക്കയിൽ ചിലർക്ക് വായിക്കാനും കൊടുത്തു….

ലോകം അറിയുന്നതിന്റെ കൂടെയാണ് ഞാനും അവരെ കൂടുതൽ അറിയുന്നത് എന്ന് അല്പം വിഷമത്തോടെ തന്നെ പറയുന്നതാവും അതിന്റെ ശരി…. അത് കൊണ്ട് എഴുത്തുകാരിയായ ദേവകി നിലയങ്ങോട് എന്നാണ് കൂടുതൽ മനസ്സിൽ ഇപ്പോൾ തങ്ങി നിൽക്കുന്നത്…

നിലയങ്ങോട്ടച്ഛമ്മൾ എന്നാണ് അമ്മയൊക്കെ പറയുന്നത് കേട്ട് ഞാനും അറിഞ്ഞിട്ടുള്ളത്…. അച്ഛൻ പെങ്ങൾ എന്നതിന്റെ ചുരുക്കമാണ് ഈ അച്ഛമ്മൾ എന്ന വിളി….

സമ്പത്തും സമൃദ്ധിയും ധാരാളമുണ്ടായിരുന്ന ഒരു സമുദായത്തിലെ സ്ത്രീകളും പെൺകുട്ടികളും അന്ന് ജീവിച്ചിരുന്ന അന്തർജ്ജന ജീവിത രീതിയും അനുഭവിച്ചിരുന്ന patriarchy normalize ചെയ്തിരുന്ന വിവേചനവും അതിനെതിരെ ലോകമറിയാത്ത എത്രയോ പേർ മൗനമായും അടക്കിയ ശബ്ദത്തിലും നടത്തിയ നീണ്ട പോരാട്ടങ്ങളുടെ വിവരണമാണ് ആ എഴുത്തുകൾ….

ചിലർക്ക് മാത്രം വിദ്യാഭ്യാസം നിഷിദ്ധമായ അറിവുകൾ കടക്കാത്ത അറകളുള്ള ഒരു ലോകത്തിലേക്ക് ആരും കാണാതെ അക്ഷരങ്ങളും പുസ്തകങ്ങളും എത്തിച്ച് പുറം ലോകം തുറന്നു കൊടുത്ത് അവരുടെ പോരാട്ടങ്ങളിൽ പങ്കാളികളായ പുരോഗമനവാദികളായ അവരുടെ സമപ്രായക്കാരായ പുരുഷന്മാരും ആ വിവരണങ്ങളുടെ ഭാഗമാണ്….

അതെല്ലാം എന്റെ കുടുംബത്തിലെ കഥയിലൂടെ ഞാനും വായിച്ചറിഞ്ഞു…. പ്രത്യേകിച്ച് അതിലെ കഥാപാത്രങ്ങൾ പലരേയും പറഞ്ഞു വരുമ്പോൾ എനിക്കും ചെറുപ്പത്തിൽ കണ്ടും കേട്ടും പരിചയമുണ്ടായിരുന്നു എന്നത് ഒരു വ്യത്യസ്ത വായനാനുഭവമായിരുന്നു ….

എനിക്ക് ഇത് നിങ്ങളിൽ പലരെയും പോലെ പ്രിയപ്പെട്ട എഴുത്തുകാരിയും പുരോഗമനവാദിയുമായ ദേവകി നിലയങ്ങോടാണ്… അങ്ങനെയായിരിക്കും എന്റെ ഓർമ്മകളിൽ….

അവസരങ്ങൾ ഉണ്ടായിട്ടും ഒരിക്കലും കൂടെ അധികം സമയം ചിലവാക്കിയില്ല… കൂടെയിരുന്ന് സംസാരിച്ചില്ല എന്ന വിഷമം എന്നും ഉണ്ടാവും….

പിന്നെയും ഒരു ഓർമ്മപ്പെടുത്തൽ… Don’t ever wait for what you think you have to do…. Time is never our friend 🙏🥲

ആദരാജ്ഞലികൾ
-പഹയൻ-

Leave a comment