കേരളത്തിൽ വിദ്യാഭ്യാസ ബഹളം നടക്കുമ്പോൾ ഞാൻ കർണാടകയിൽ ഒരിടത്ത് പോയി…. കുട്ടികളുടെ ഒരു സ്കൂൾ….
രാവിലെ മുതൽ വൈകീട്ട് വരെ ബെംഗളൂരിൽ വൈറ്റ് ഫീൽഡ് എന്നിടത്ത് നിന്നും ഒരു പതിമൂന്ന് കിലോമീറ്റർ അപ്പുറത്ത് ഗുട്ടഹള്ളി എന്ന ഗ്രാമത്തിലെ Anjana Vidya Kendra High School എന്ന സ്ഥാപനത്തിൽ ചിലഴിച്ചു.
അടുത്തുള്ള ഗ്രാമങ്ങളിലെ ഏതാണ്ട് 350 കുട്ടികളുള്ള സ്‌കൂളാണ്… Meaningful Education അഥവാ അർത്ഥവത്തായ വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം…
ടീച്ചർമാരും സ്റ്റാഫുമായി ഏതാണ്ട് മുപ്പതോളം പേരുമുണ്ട്. ഞങ്ങൾ അവിടെ വോളന്റീർ ചെയ്യുന്ന രണ്ടു പേരുമായി സംസാരിച്ചു. ഒരാൾ Nortel എന്ന കമ്പനിയിലും ഒരാൾ Intel എന്ന കമ്പനിയിലുമൊക്കെയാണ് ജോലി ചെയ്തിരുന്നത്… ഇപ്പോൾ പതിനഞ്ചു വർഷമായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വളന്റീർ ചെയ്യുന്നു…
എന്താണ് അർത്ഥവത്തായ വിദ്യാഭ്യാസം എന്ന് കരുതുന്നവരും ഉണ്ടാവാം…. പരിസ്ഥിതി.. ലോകം.. സമൂഹം.. മനുഷ്യൻ… ജീവിതം.. ശാസ്ത്രം… തത്വചിന്ത… സഹജീവികളോടുള്ള സ്നേഹം… സ്വയംപ്രാപ്തി… സമാധാനം.. സന്തോഷം… അങ്ങനെ പലതും അർത്ഥവത്തായ വിദ്യാഭ്യാസത്തിന്റെ ഭാഗമാവണം…
പിന്നെ STEM മാത്രമല്ല STEAM ഉണ്ട് ഇവിടെ…. സയൻസ് ടെക്നോളജി എൻജിനീയറിങ് മാത്‍സ് മാത്രമല്ല ആർട്ട്സിലെ കല സംഗീതം നാടകം ചിത്രകല അങ്ങനെ പലതും കൂടെയുണ്ട്…
ഇന്നും അടുത്തുള്ള ഗ്രാമങ്ങളിൽ നിലനിൽക്കുന്ന സാമുദായിക വേർതിരിവുകൾ ഒഴിവാക്കി കുട്ടികളെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് ഇവിടെ.. ഞങ്ങൾ ആരിൽ നിന്നും ചെറുതല്ല നമ്മൾ തുല്യരാണ്… നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ വ്യവസ്ഥാപിത ശരികളെയൊക്കെ ചോദ്യം ചെയ്യാൻ നമ്മൾക്ക് ഉത്തരവാദിത്വം ഉണ്ട് എന്നും പഠിപ്പിക്കുന്നു…
രാഹി ആദ്യമായാണ് ഇന്ത്യയിൽ ഒരു സ്‌കൂളിൽ ചെന്ന് കുട്ടികളുമായി ഇടപെടുന്നത് അവന് മലയാളം അറിയാത്തതിന്റെ പ്രശ്നമൊന്നുമുണ്ടായില്ല കുട്ടികൾ ഇംഗ്ലീഷും കന്നഡയും വച്ച് നല്ല കോൺഫിഡൻസോടു കൂടി സംസാരിച്ചു… അമേരിക്കയിൽ എത്തി ഇവിടെയുള്ള കുട്ടികളുമായി രാഹി മാസത്തിലൊരിക്കൽ Zoom വഴി സംസാരിക്കാം എന്നാണ് ഇപ്പോൾ പ്ലാൻ… പക്ഷെ അവൻ പറയുന്നത് അടുത്ത തവണ വന്നാൽ ഇവിടെ രണ്ടു മൂന്ന് ദിവസം നിന്ന് വളന്റീർ ചെയ്യണം എന്നാണ്… അതും ആവാം…
ഇങ്ങനെയുള്ള ചില പരിചയപ്പെടലും അനുഭവങ്ങളുമാണ് നാട്ടിലേക്കുള്ള ഓരോ യാത്രക്കും അർത്ഥം നൽകുന്നത്.. ഭാവിയിലേക്ക് ചില വെളിച്ചവും നൽകും ഈ സന്ദർശനങ്ങൾ.
അവിടെ ചെന്നപ്പോൾ കണ്ട ചില രസകരമായ ദൃശ്യങ്ങൾ… കുട്ടികൾ എല്ലാം ഇരുന്ന് ഒരു സ്ക്രീൻ നോക്കുന്നു… സ്‌ക്രീനിൽ ഒരു യൂട്യൂബ് ചാനലിലെ ഒരു വീഡിയോ. ഒരു ഡോക്യുമെന്ററി ആണെന്ന് തോന്നുന്നു. കുട്ടികൾ അത് കണ്ടിട്ട് അതിനെ കുറിച്ച് ചർച്ച ചെയ്യുന്നു. നമ്മുടെ സ്ഥിരം ക്ലാസ്റൂം സംവിധാനങ്ങളിൽ നിന്നും വേറിട്ട അനുഭവങ്ങളും കുട്ടികൾ പഠിക്കുന്നു. അവരുടെ കൂടെ ഞങ്ങൾ ഉച്ച ഭക്ഷണം പങ്കിട്ടു. സംഗീതം പഠിപ്പിക്കുന്ന സാർ അവിടെ തന്നെ താമസിക്കുന്നു. അദ്ദേഹത്തിന്റെ മുറിയിൽ പോയപ്പോൾ അദ്ദേഹം സംഗീതം മാത്രമല്ല ഒരു ചിത്രകാരൻ കൂടിയാണ്.
പരിസരത്ത് ഗ്രാമത്തിൽ നിന്നും രസകരമായ ചിലതൊക്കെ അവർ അവിടെ കൊണ്ട് വയ്ക്കും… ആർക്കും വേണ്ടാതെ എവിടെയോ കിടന്ന ഒരു പുരാതന ഗണപതി രൂപം അവിടെ വച്ചിട്ടുണ്ടായിരുന്നു.
അതിനെ കുറിച്ച് അവർ പറഞ്ഞത്… പണ്ട് പലരും പൂജിച്ച ഒന്നിന് പോലും പിൽക്കാലത്തു വില നഷ്ടപ്പെട്ട് പോകും എന്ന് ഓർമ്മിക്കാനാണ് അതെന്ന്…
അവിടെ ഒരു കല്ലിന്റെ സ്ട്രക്ച്ചർ കണ്ടു അതിൽ ചില കല്ലുകൾ ഒരു ശ്‌മശാനത്തിൽ നിന്നാണത്രെ.. അതും ജീവിതത്തിന്റെ നശ്വരതയെ ഓർമ്മപെടുത്താനാണത്രെ.
സ്‌കൂളിലേക്ക് കയറുമ്പോൾ തൊട്ടടുത്ത് ഒരമ്പലമുണ്ട്. ആ അമ്പലം അവിടെയുണ്ടാക്കാനുള്ള കാരണം അവർ പറഞ്ഞു.. അടുത്തുള്ള ഗ്രാമങ്ങളിൽ ഇപ്പോഴും ചില വിഭാഗക്കാരെ കയറ്റാതിരിക്കുന്ന സമ്പ്രദായം ഉണ്ടത്രേ. ഇവിടെ ഈ അമ്പലത്തിൽ കുട്ടികൾക്ക് ഉള്ളിൽ കയറാം വിഗ്രഹത്തെ തൊടാം. നമ്മുടെ തെറ്റു കൊണ്ടല്ല നമ്മളെ മറ്റുള്ളിടത്ത് കയറ്റാത്തത് എന്ന് കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്…
ശരിയാണ് സമൂഹത്തിൽ മാറ്റം വരുത്താൻ സമയമെടുക്കും… ഈ കുട്ടികൾ പഠിച്ച് വലുതായി തിരിച്ച് ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ മാറ്റങ്ങൾക്ക് തുടക്കമിടുമായിരിക്കും…
അവിടെ ചെന്നപ്പോൾ ചില പടങ്ങൾ എടുത്തു…. ഇവിടെ ചേർക്കുന്നു….
സ്നേഹം
-പഹയൻ-
