ഓർമ്മകളും നമ്മളും

നമ്മളൊക്കെ ഓർമ്മകളെ കൂട്ടി വയ്ക്കുന്നതും കോർത്തിണക്കുന്നതും ഉള്ളിലേക്ക് തുറന്നു വിടുന്നതും വ്യത്യസ്ത രീതികളിലാണ്. നമ്മൾ മറ്റുള്ളവരുമായി പങ്കിടുന്ന ഓർമ്മക്കൂട്ടങ്ങൾ ഉണ്ടെങ്കിലും… നമ്മളുടെ മനസ്സിന് മാത്രം അവകാശപ്പെട്ട വർണ്ണപകിട്ടുകളിൽ കൂടിയൊരു യാത്ര രസകരമാണ്….  

ഇപ്പോഴും നാട്ടിൽ വന്നാൽ മുറിയിൽ ഇരുന്ന് കൊണ്ട് തന്നെ എത്രയോ വർഷങ്ങൾ പിന്നിലേക്ക് പോകാൻ കഴിയുന്ന ചിലതൊക്കെയുണ്ട്. പുസ്തകവും, ആൽബവും, അലമാറയും മേശയും.

അമ്മയുടെയും അച്ഛന്റെയും വിവാഹത്തിന്റെ ആൽബം… ചെറുതാവുമ്പോൾ അത് നോക്കിയിരിക്കുക ഒരു രസമായിരുന്നു. കൂടുതലും അത് നോക്കി നേരിട്ട് അറിയുന്നവരെ തിരിച്ചറിയുക എന്നതായിരുന്നു രാസമായ ഏർപ്പാട്. 

പിന്നെ ഇതാരാ ഇതാരാ എന്ന ചോദ്യവും…. നേരിട്ട് അറിയുന്ന നരച്ച മുടിയുള്ള വയസ്സ് ചെന്നവരുടെ ചെറുപ്പത്തിലുള്ള ഫോട്ടോ കാണുന്നത് രസമാണ്. പിന്നെ തന്നെക്കാൾ മുതിർന്ന പലരെയും തന്നെക്കാൾ ചെറുപ്പമായി കാണുന്നതിലുള്ള കൗതുകം. 

ഇക്കുറി അതെടുത്ത് അമ്മയ്ക്ക് കൊടുത്തു. അമ്മ അത് ചെക്കനെ കാണിച്ചു കൊടുക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു…

പിന്നൊരു പുസ്തകമാണ്…. പലതരം ജീവികളെ കുറിച്ചുള്ള അറിവുകൾ നിറഞ്ഞ ഇന്ന് നമ്മൾ കോഫി ടേബിൾ ബുക്ക് എന്നൊക്കെ പറയുന്ന ചിത്രങ്ങൾ അടങ്ങിയ പുസ്തകം. ഇതൊക്കെ എത്ര തവണ നോക്കിയിട്ടുണ്ട് എന്നോർമ്മയില്ല. ഇന്നും ഇതിലെ ഓരോ ചിത്രങ്ങളും എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകും. 

എന്തിന് പറയുന്നു. ദോശ ചുടുന്നതിന്റെയും ഇഡ്ഢിലിയുണ്ടാക്കുമ്പം ആവി പറക്കുന്നതിന്റെ മണവും പലരുടെയും സംസാരങ്ങളും വിളികളും വൈകീട്ടുള്ള സെവൻസ്റ്റോൺസ് കളിയുടെ ബഹളവും ഒക്കെ ഓരോ ചിത്രങ്ങളിലൂടെ കടന്നു വരും. അച്ഛന്റെ കൂടെ ഇതൊക്കെ നോക്കിയതും ഓർമ്മവരും.  

ഇതിലെ ചിത്രങ്ങൾ പലതും എന്റെ സ്വപ്നങ്ങളിലും പേടി സ്വപ്നങ്ങളിലും ഇന്നും കാണാറുണ്ട് എന്നും തോന്നുന്നു… ഇന്ന് പലർക്കും ഇത് പോലെ ഫോട്ടോ എടുക്കാനുള്ള വിദ്യ സ്വന്തം കൈകളിൽ ഉണ്ടല്ലോ… അന്ന് ഇതിലെ ചിത്രങ്ങൾ ഒരത്ഭുതമായിരുന്നു. 

റക്കൂൺ സ്‌കങ്ക് എന്നിവ ഇന്ന് ഞങ്ങൾ താമസിക്കുന്നതിനടുത്ത് സ്ഥിരം കാണുന്നവ…. ജീവിതത്തിൽ പലപ്പോഴായി ഇതിലുള്ള ജീവികളെ കാണുമ്പോൾ ഇതിലെ ചിത്രങ്ങളാണ് ഓർമ്മ വരിക. മീൻ വാങ്ങുമ്പോൾ ഇപ്പോഴും ക്യാറ്റ്ഫിഷ് എന്ന് വായിക്കുമ്പോൾ മനസ്സിൽ ഇതിലെ ചിത്രം വരും.

നമ്മൾക്ക് മാത്രം അവകാശപ്പെട്ട ഒന്ന് നമ്മുടെ ഓർമ്മകളാണ്. കാലം കഴിയും തോറും അത് നമ്മളറിയാതെ തന്നെ പരിവർത്തനം ചെയ്യപ്പെടും. നമ്മുടെ ഓർമ്മകൾ പൂർണ്ണമായി അങ്ങനെ തന്നെയാണോ എന്ന് സംശയം തോന്നുകയും ചെയ്യും. പിന്നെ എപ്പോഴെങ്കിലും അതിൽ പലതും നഷ്ടപ്പെടും. പക്ഷെ ഉള്ള കാലം അത് ഇങ്ങനെ വീണ്ടും വീണ്ടും ഓർത്തെടുക്കുന്നത് ഒരു സുഖമാണ്.         

ഇപ്പോഴും ബെംഗളൂരിലാണ്…. നാട്ടിലെത്താൻ ധൃതിയായി കേരളത്തിലേക്ക് കടക്കുമ്പോൾ ശരീരത്തിലും മനസ്സിലും ഉണ്ടാവുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ചില മാറ്റങ്ങളുണ്ടാവും. 

ചിലർ പറയും ഇത് പ്രവാസിയായത് കൊണ്ട് തോന്നുന്നതാണ് എന്ന്… ആവാം… എന്ത് കൊണ്ട് എന്നല്ല ഇന്നും ഓർമ്മിച്ചെടുക്കാൻ പലതുമുണ്ട് എന്നതാണ് സന്തോഷം….   

Leave a comment