അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem

ചില രാത്രികളിൽ നക്ഷത്രങ്ങൾ
കൂട്ടമായി കരയുന്നു… 

സൂര്യൻ പല തവണ ഉറക്കമുണർന്നു..
സൂര്യന്റെ സുഹൃത്തുക്കൾ 
സൗരയൂഥങ്ങളുടെ കോടതിയിൽ.
പരാതി നൽകി…

അവർ കരയുന്ന നക്ഷത്രങ്ങളെ താക്കീത് ചെയ്തു
സൂര്യനെ ഉണർത്തുന്നത് ശിക്ഷാർഹമാണെന്നും പറഞ്ഞു…

അങ്ങിനെയാണ് നക്ഷത്രങ്ങൾ
ഒരുമിച്ച് കരയുന്നത് നിർത്തിയത്… 

ഇപ്പോൾ അവ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… 
അതു കേട്ടിട്ട് പോലും ഇപ്പോൾ
സൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ..

നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്
എല്ലാ ദിവസവും സൂര്യൻ അസ്തമിക്കുന്നത് എന്ന്
ശൂന്യാകാശത്ത് വിലസുന്ന മാധ്യമ പ്രവർത്തകർ പറയുന്നുണ്ട്    

സൂര്യന് നക്ഷത്രങ്ങളും തമ്മിലുള്ള ഇല്ല കഥകൾ
മിനയുന്നത് മതവിശ്വസികളാണെന്ന് നിരീശ്വരവാദികളും
യൂട്യൂബ് യുക്തിവാദികളും പുച്ഛിച്ചിരിക്കാറുണ്ട്

നക്ഷത്രങ്ങളുടെ കണ്ണുനീരിൽ 
സൂര്യന് അതിന്റെ ഭാവി കാണാമെന്ന്
വിശ്വാസികളും തിരിച്ചു പറയുന്നുണ്ട്

ഒരു ദിവസം എന്നെന്നേക്കുമായി
അസ്തമിക്കുമെന്ന് സൂര്യനറിയാമെന്നും അറിയില്ലെന്നും
ഇടതുപക്ഷവും വലതുപക്ഷവും തർക്കിക്കുന്നുണ്ട്

ഇതൊക്കെ കാരണമാണ്
അല്ലാതെ നക്ഷത്രങ്ങളുടെ കരച്ചിലല്ല
സൂര്യന്റെ ഉറക്കം കെടുത്തുന്നത്
എന്ന് ഇൻഫ്ളുവൻസർ കൂട്ടങ്ങൾ റീലിട്ടലക്കുന്നു

സൂര്യനവസാനിച്ചാൽ 
ആരും കവിതകൾ എഴുതില്ല എന്നും ചിലർ  
സൂര്യന് കവിതകൾ ഇഷ്ടമാണ് എന്ന കള്ളവും കൂടെ…

ലോകത്തിലെ കവികൾക്ക് എവിടെ ഇതിനെല്ലാം സമയം..
ഉറക്കമുണരുന്ന സൂര്യനെ കുറിച്ചും
തേങ്ങി കരയുന്ന നക്ഷത്രങ്ങളെ കുറിച്ചും
കവിയുടെ കഞ്ഞി കഴിഞ്ഞിട്ടല്ലേ
സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഞഞ്ഞാപിഞ്ഞാ കളികൾ

നമ്മൾക്ക് എന്തായാലും വേണ്ടില്ല
ഇന്ന് അസ്തമിച്ചവരും നാളെ അസ്തമിക്കാനിരിക്കുന്നവരും
എല്ലാം വേണം….

ഇന്ന് അസ്തമിക്കില്ല എന്ന് കരുതിയിരിക്കുന്ന
സർവ്വമാന മണ്ടശിരോമണികൾക്കും
ഇടയ്ക്ക് ഇങ്ങനെയൊരു ഒരോർമ്മപ്പെടുത്തൽ നല്ലതല്ലേ

-പഹയൻ-

Leave a comment