ജാപ്പനീസ് കവയിത്രിയും പരിഭാഷകയുമായ കസുക്കോ ഷിറായിഷിയുടെ (Kazuko Shiraishi born 1931) ‘ദി മാൻ വിത്ത് ഫയർ ഇൻ ഹിസ് അയിസ്’ The Man With Fire In His Eyes എന്ന കവിതയുടെ പരിഭാഷ.
ദി മാൻ വിത്ത് ഫയർ ഇൻ ഹിസ് അയിസ്
The Man With Fire In His Eyes
അവന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു
അവനെന്നെ തുറിച്ച് നോക്കുമ്പോൾ
എനിക്ക് ചുട്ടു പൊള്ളും
ഇപ്പോൾ മനസ്സിൽ ആകമാനമൊരു മരവിപ്പാണ്
വയറ്റിനുള്ളിൽ എന്തോ തണുത്തുറയ്ക്കുന്നു
ഒന്ന് തീ കായണം
അവന്റെ കണ്ണുകളിൽ ഒരു ആഫ്രിക്കൻ സൂര്യനുണ്ട്,
സുലു വംശത്തിന്റെ പ്രതാപമുണ്ട്.
അവൻ വിപ്ലവങ്ങൾക്കിടയിൽ അടുക്കളയിൽ വച്ച് എനിക്കായി
ചുട്ടു തരുന്ന ഇറച്ചിക്ക് നല്ല രുചിയുണ്ട്.
സ്വീകരണമുറിയിൽ അതാ
അവന്റെ ഒരു വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങൾ
‘രാ’യും ‘രീ’യും മാറി മാറി കരയുന്നു.
അവന്റെ തീ പാറുന്ന കണ്ണുകൾ
അവർക്ക് വേണ്ടിയൊരു താരാട്ട് പാട്ട് പാടുന്നു
കുഞ്ഞുങ്ങൾ രണ്ടും കരച്ചിൽ നിര്ത്തുന്നു..
കത്തുന്ന കണ്ണുകളുള്ള ആ മനുഷ്യന്റെ സ്വീകരണമുറിയിൽ
അന്നേരം ഭൂമി പ്രത്യക്ഷപ്പെട്ടു
അതിന്റെ അന്തര്‍ഭാഗത്തേക്ക് ഒരു ഇളം ചൂട് തട്ടി
അത് സന്തോഷിച്ചു
-കസുക്കോ ഷിറായിഷി-
പരിഭാഷ-മർത്ത്യൻ
