1990ലെ നോബൽ ജേതാവും മെക്സിക്കൻ കവിയും നയതന്ത്രജ്ഞനായ ഒക്റ്റാവിയോ പാസിന്റെ (Octavio Paz March 31, 1914 – April 19, 1998) ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ് (Between going and staying) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒക്റ്റാവിയോ പാസ് 1962ൽ ഭാരതത്തിലേക്കുള്ള മെക്സിക്കൻ അംബാസഡ്ഡറായി നിയമിക്കപ്പെട്ടിരുന്നു.
2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായെഴുതുന്ന പത്താമത്തെ (10/30) പരിഭാഷ
ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ്
(വരവിന്റെയും പോക്കിന്റെയും ഇടയ്ക്കായിട്ട്)
—————
പോകുന്നതിനും പോകാതിരിക്കുന്നതിനും ഇടയ്ക്കെവിടെയോ
പ്രണയത്തിന്റെ തെളിമ നുകർന്ന് ഒരു പകൽ ആടിയുലയുന്നു.
വട്ടം തിരിയുന്ന ഉച്ച നേരം ഒരുള്‍ക്കടല്‍ പോലെയുണ്ട്,
അവിടെ.. ഒരു മുഴുവൻ ലോകവും ഏകാന്തയിൽ ആടിയുലയുന്നുണ്ട്.
എല്ലാം വ്യക്തമാണ്. എങ്കിലും ഒന്നും പിടി കിട്ടുന്നില്ല
എല്ലാം വളരെ അടുത്താണ് പക്ഷെ തൊടാൻ കഴിയുന്നില്ല.
പേപ്പർ, പുസ്തകം, പെൻസിൽ, ഗ്ളാസ്സ്,
എല്ലാം അതാതിന്റെ നിഴലിന്റെ തണലിൽ വിശ്രമിക്കുകയാണ് .
രക്തത്തിന്റെ അതേ അക്ഷരം തന്നെ ഒരു മാറ്റൊലി പോലെ
ചെവിയിൽ ആവർത്തിച്ച് മന്ത്രിച്ച് സമയം കടന്ന് പോകുന്നു.
ആരും ശ്രദ്ധിക്കാത്തൊരു ചുവരിനെ പോലും വെളിച്ചം
നിഴലുകൾ ആടി തിമിർക്കുന്ന പ്രേത ലോകമാക്കി മാറ്റുന്നു.
ആരുടെയോ കണ്ണിലെ ശൂന്യമായ നോട്ടത്തിൽ നിന്ന്
എന്നെ തന്നെ നോക്കി കൊണ്ട് ഞാൻ
എന്നെ കണ്ടെത്തുന്നു.
നിമിഷം ചിന്നി ചിതറി പോകുന്നു,
അനക്കമില്ലാതെ.. അങ്ങനെ ഞാനും
നിൽക്കണോ പോണോ എന്നറിയാതെ
ഒരു താല്‍ക്കാലിക വിരാമമായി മാറുന്നു…
-ഒക്റ്റാവിയോ പാസ്-
(പരിഭാഷ-മർത്ത്യൻ)
